കലിയടങ്ങാത്ത കൊമ്പനു മുന്നിൽ പാറയിടുക്കും വള്ളിപ്പടർപ്പും രക്ഷയ്ക്കെത്തിയിട്ടും പൊന്നുമകളെ ദൈവം തട്ടിയെടുത്ത വേദനയിലാണു അമ്പനാർ എസ്എഫ്സികെ ക്വാർട്ടേഴ്സിലെ സുന്ദരനും വിജയകുമാരിയും. 2009 മേയ് അഞ്ചാം തീയതി ചങ്കിടിപ്പോടെ മാത്രമേ അവർക്ക് ഓർക്കാനാകുന്നുള്ളൂ. അമ്പനാറിനു സമീപം പെരത്തറയിൽ കാടുവെട്ടും അതിർത്തി തെളിപ്പു ജോലിയും ചെയ്തുവരികയായിരുന്നു.
വൈകിട്ട് 5.30നു കൂറ്റൻമരത്തിനു പിന്നിൽ മറഞ്ഞുനിന്ന കൊമ്പനാനയെ കണ്ടില്ല. തക്കം പാർത്തിരുന്ന കൊമ്പൻ പാഞ്ഞടുത്തപ്പോഴേക്കും ഒഴിഞ്ഞുമാറുന്നതിനു പോലും കഴിഞ്ഞില്ല. മകൾ മോനിഷ ഉണ്ണിയെ മാറത്തേക്ക് അണച്ചു ഓടിമാറുന്നതിനിടയിൽ ആനയുടെ തുമ്പിക്കൈ സുന്ദരന്റെ വാരിയെല്ലിൽ പതിച്ചു. നിലത്തുവീണ ഇരുവരും ഉരുണ്ടെത്തിയതു താഴ്ചയിലെ പാറയ്ക്കുമുകളിലേക്ക്.
പിന്നാലെയെത്തുന്ന ആനയിൽ നിന്നു രക്ഷനേടാൻ പാറയുടെ വശത്തെ ഇടുക്കിലേക്കു ഉരുണ്ടു കയറി. കലിപൂണ്ട ആന പലവഴി നോക്കിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തു കാട്ടുവള്ളികളുമായി നിന്ന വൻമരം പിഴുതു ഇവരുടെ മുകളിലേക്കിട്ടു. ഇതിനു മുകളിൽ കയറി താണ്ഡവമാടിയെങ്കിലും പാറയിടുക്കു രക്ഷയായി.
ഇതിനിടെ തുമ്പിക്കൈ ഉപയോഗിച്ചു മോനിഷ ഉണ്ണിയുടെ വയറ്റിൽ ചുറ്റിപിടിച്ചതു ഗുരുതര പരുക്കിനു കാരണമായി. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറിനു വൈകിട്ടു മോനിഷ മരിച്ചു. സുന്ദരന്റെ വാരിയെല്ലിനും കാലിനുമേറ്റ പരുക്ക് ഇതുവരെയും പൂർണമായി ഭേദമായിട്ടില്ല. രേഖകൾ മുഴുവൻ ഹാജരാക്കിയെങ്കിലും ഒരു രൂപപോലും സഹായമായും ലഭിച്ചിട്ടില്ല. ഫാമിങ് കോർപറേഷനിൽ റബർ ടാപ്പറായി ജോലിനോക്കുകയാണ് ഇപ്പോൾ.
Leave a Reply