കൊല്ലത്ത് 19 കാരനെയാണ് പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. അതും ഹെൽമറ്റ് വച്ചില്ല എന്ന കാരണം കൊണ്ട്. തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് വയ്ക്കാത്ത യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തി തലയ്ക്ക് തന്നെ അതീവ ഗുരുതര പരുക്ക് നൽകിയിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന് പുല്ല് വില നൽകിയാണ് പൊലീസിന്റെ ഇൗ അതിക്രമം.
ലാത്തി ഏറ് കൊണ്ട യുവാവ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് ഏതിരെ വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയ യുവാവിനെയാണ് പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഒാടിച്ചിട്ട് പിടിക്കരുതെന്നും കായികമായി നേരിടരുതെന്നും ഹൈക്കോടതിയും പൊലീസ് മേധാവിയുടേതടക്കമുള്ള ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇൗ കാടത്തം.
Leave a Reply