ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.

എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.