അനാമിക കെന്റ് യു. കെ. യുടെ ഏറ്റവും പുതിയ സംഗീതആൽബം ‘സ്വരദലം’ റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ് മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകർക്കായി ഒരുക്കുന്നത്.
യു.കെ. യുടെ ഭാവഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. അനൂപ് വൈറ്റ്ലാന്റിന്റെ ഹൃദയം തൊടുന്ന സംഗീതം ഈ ഗാനത്തിന്റെ മനോഹാരിത കൂട്ടുന്നു.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സ്വരദലത്തിന്റെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’, ‘സാരമധു’ എന്ന കാവ്യരസമിറ്റുന്ന രണ്ടു നോവലുകളും വായനക്കാർക്കിടയിൽ ഏറെ നല്ല റിവ്യുകൾ നേടിയിട്ടുണ്ട്.
അനാമിക കെന്റ് യു. കെ. യുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’ ‘സാവേരിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ അനാമിക കെന്റ് ഒരുക്കുന്ന പതിന്നാലാമത്തെ ഗാനമായ ‘സ്വരദലം’ ഗർഷോം ടീവിയിൽ ജൂൺ രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് റിലീസ് ചെയ്യുന്നു.
Leave a Reply