ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല പ്രശ്നവും കാരണമായെന്ന് എല്‍.ഡി.എഫ്. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണമാറ്റാന്‍ നടപടിയെടുക്കും. ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി തുറന്നടിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം വിളിക്കാനും തീരുമാനിച്ചു.

ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനുശേഷം ചേര്‍ന്ന ആദ്യ യോഗം ശബരിമല പ്രശ്നം തുറന്നുസമ്മതിക്കുന്നതായി. ശബരിമല ബാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചപ്പോള്‍ വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞത്. എന്നാല്‍ എല്‍.ജെ.ഡി, കേരളകോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ എന്നീ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചു.

വനിതാമതിലിന് പിറ്റേദിവസം രണ്ടുയുവതികളെ മലകയറ്റാന്‍ പൊലീസ് എടുത്തനടപടികള്‍ വിശ്വാസികളെ വേദനിപ്പിച്ചെന്ന് എല്‍.ജെ.ഡി പറഞ്ഞു. ഇത് സ്ത്രീവോട്ടുകളും നഷ്ടമാകാന്‍ ഇടയാക്കി. ശബരിമല അവഗണിക്കാനാവാത്ത വിഷയമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തള്ളാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. കോണ്‍ഗ്രസ്, ബിജെപി പ്രചാരവേലകളെ മറികടക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ നീക്കണം എന്ന സിപിഎം നിലപാടില്‍ തന്നെ മുന്നണിയുമെത്തി.

കേന്ദ്രത്തില്‍ മോദിക്ക് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് കേരളം വോട്ടു ചെയ്തതെന്നും ഇക്കാര്യത്തില്‍ ഇടതുമുന്നണിയേക്കാള്‍ സ്വീകാര്യത കോണ്‍ഗ്രസിന് ലഭിച്ചെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിനെ പറ്റി പൊതുവെ നല്ല അഭിപ്രായമാണെങ്കിലും ആ പ്രവര്‍ത്തനമികവ് വോട്ടായി മാറിയില്ല. സിപിഐയുടെ ആവശ്യപ്രകാരം സര്‍ക്കാരിന്റെപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഇടതുമുന്നണി യോഗം ചേരാനും തീരുമാനിച്ചു.

മുഖ്യമന്ത്രി തയ്യാറാക്കുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിലാകും ഓരോ വകുപ്പുകളെക്കുറിച്ചുമുള്ള ചര്‍ച്ച. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കമ്മീഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം സിപിഐ യോഗത്തില്‍ ഉന്നയിച്ചില്ല. ഇക്കാര്യത്തിലെ അതൃപ്തി വ്യക്തമാക്കി ഇന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോന്നി ഉപതിരഞ്ഞെടുപ്പിലും ശബരിമലയെപ്പേടിച്ച് സി.പി.എം. സര്‍ക്കാര്‍ ശബരിമലവിഷയം കൈകാര്യം ചെയ്തരീതി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്ന് സി.പി.എം കോന്നി ഏരിയാകമ്മറ്റിയോഗത്തില്‍ വിമര്‍ശനം. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്നയോഗത്തിലായിരുന്നു വിമര്‍ശനവും ആശങ്കകളും പങ്കുവച്ചത്. പരമ്പരാഗതവോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

പതിനൊന്ന് ലോക്കല്‍ കമ്മറ്റികളാണ് കോന്നി ഏരിയകമ്മറ്റിയില്‍ ഉള്ളത്. ഇതില്‍ കലഞ്ഞൂര്‍, കൂടല്‍, ഇളമണ്ണൂര്‍, കുന്നിട, വള്ളിക്കോട്, ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ളവരാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് പതിനൊന്നുലോക്കല്‍ കമ്മറ്റികളും കുറ്റപ്പെടുത്തി.

വിഷയം ശരിയായി കൈകാര്യംചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. ശബരിമലയില്‍ രണ്ടുയുവതികളെ പ്രവേശിപ്പിച്ച ശേഷം അത് മുഖ്യമന്ത്രിതന്നെ പുറത്തുവിട്ടത് വലിയ എതിര്‍പ്പുണ്ടാക്കി. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇവ കണക്കിലെടുക്കണം. ലോക്സഭാതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ഞൂറില്‍താഴെ മാത്രമാണ്.

ഇൗ നിലപാടില്‍ മുന്നോട്ടുപോയാല്‍ ഉപതിരഞ്ഞെടുപ്പ് കടുപ്പമാകുമെന്നും വിലയിരുത്തലുണ്ടായി. സംസ്ഥാനകമ്മറ്റിയംഗം ആര്‍.ഉണ്ണികൃഷ്ണപിള്ളയും, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും കമ്മറ്റിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി.