പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലെന്നാണ് പറയുന്നത്. എപ്പോൾ എന്താണ് ഇങ്ങനെ പറയാൻ എന്നല്ലെ, ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനൺ ഹാരിസിനെ മിന്നു ചാർത്തിയിരിക്കുകയാണ് സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവും ഗോഡ്റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാൻഷു പാണ്ഡെ.

നാല് വർഷം മുമ്പാണ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനൺ ഹാരിസ് ജോലിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നത്.ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണർ (ദക്ഷിണേഷ്യ) ആയ റിയാനൺ ദില്ലിയിലാണ് ജോലി ചെയ്യുന്നത്. വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച്, വലിയ ആഭരണങ്ങളും മെഹന്ദിയും ധരിച്ച്, അവൾ ഒരു ഉത്തരേന്ത്യൻ വധുവിനെപ്പോലെ കാണപ്പെട്ടു. ഷെർവാണിയിലും തലപ്പാവിലുമാണ് വരൻ ഉള്ളത്.

”ഏകദേശം നാല് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ, ഇവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ, എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” അവർ എഴുതി. ‘IncredibleIndia -ൽ ഞാൻ അത്തരമൊരു സന്തോഷം കണ്ടെത്തി, ഇത് എല്ലായ്‌പ്പോഴും തനിക്ക് ഒരു വീടായിരിക്കുന്നതിൽ സന്തോഷമുണ്ട്’ എന്നും റിയാനൺ ഹാരിസ് ടിറ്ററിൽ കുറിച്ചു.