കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.
സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.
താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.
അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!