കോഴിക്കോട്: എൻഐടിയിലെ വ്യാജതിരിച്ചറിയൽ കാർഡും സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തും തയാറാക്കിയ, കൂടത്തായി കേസിലെ പ്രതി ജോളി താമരശേരി രൂപതയുടെ മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും നിർമിച്ചു. ഷാജുവിനെ പുനർവിവാഹം ചെയ്തതോടെ മുൻ ഭർത്താവ് റോയിയുടെ ഇടവകയായ കൂടത്തായിയിൽ നിന്ന് ജോളിയുടെ പേര് ഒഴിവാക്കിയിരുന്നു. ഷാജുവിന്റെ ഇടവകയായ കോടഞ്ചേരിയിൽ ജോളിയെ പുതിയ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ കൂടത്തായി ഇടവകാംഗമായി നിലനിന്ന് ഭർതൃപിതാവ് ടോം തോമസിന്റെ പേരിലുള്ള കൂടത്തായിയിലെ നാല്പത് സെന്റോളം ഭൂമിയും മാളികവീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യമെ ന്നു സംശയിക്കുന്നു. ഇതുകൊണ്ടാവാം രണ്ടാം ഭർത്താവായ ഷാജുവിന്റെ വീട്ടിൽനിന്ന് ജോളി ആദ്യഭർത്താവ് റോയ് തോമസിന്റെ പൊന്നാമറ്റം വീട്ടിലേക്കു താമസം മാറ്റി. റോയിയുമായുള്ള ബന്ധത്തിലുണ്ടായ രണ്ട് ആൺമക്കളെ പോറ്റാനെന്ന ഭാവേനയാണ് കൂടത്തായിയിലെ വീട്ടിൽ ജോളി തിരിച്ചെത്തിയത്.
കൂടത്തായിയിൽ താമസിച്ചാലും രൂപതയുടെ നിയമമനുസരിച്ച് പുതിയ ഭർത്താവിന്റെ ഇടവകയിൽ മാത്രമെ ജോളിക്ക് അംഗമാകാനാവുകയുള്ളു. അതിനാലാണ് കൂടത്തായി ഇടവകയിൽ അംഗമായി പേരു ചേർത്തുകിട്ടാൻ അന്നത്തെ താമരശേരി രൂപത വികാരി ജനറാളിന്റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. കൂടത്തായി ഇടവകാംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഡയറക്ടറി പുറത്തിറക്കുന്ന സമയമായിരുന്നു അപ്പോൾ. എന്നാൽ, കത്തു വ്യാജമാണെന്നു ബോധ്യമായതോടെ ജോളിയുടെ ആവശ്യം തള്ളുകയായിരുന്നു.
Leave a Reply