വിനയന്റെ സ്വപ്ന സിനിമ പത്തൊമ്പതാം നൂറ്റാണ്ട്…! നങ്ങേലിയും കൊച്ചുണ്ണിയും വേലായുധപ്പണിക്കരും തിരുവിതാംകൂറിന്റെ ഇതിഹാസ കഥ; പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹൻലാലും….

വിനയന്റെ സ്വപ്ന സിനിമ പത്തൊമ്പതാം നൂറ്റാണ്ട്…! നങ്ങേലിയും കൊച്ചുണ്ണിയും വേലായുധപ്പണിക്കരും തിരുവിതാംകൂറിന്റെ ഇതിഹാസ കഥ; പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹൻലാലും….
September 21 06:29 2020 Print This Article

തിരുവിതാംകൂറിന്റെ ഇതിഹാസ കഥ, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയാകുന്നു. സ്വപ്നപദ്ധതിയെന്ന് സംവിധായകൻ വിനയൻ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തെ കുറിച്ച് സംവിധായകൻ വിനയൻ:

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർനിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ. ആ പരിശ്രമത്തിലാണ് ഞാൻ.. നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles