മരണം നടന്ന സമയങ്ങളിൽ ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യം; മരിച്ച ടോം തോമസിന്റെ മകന്റെ സംശയങ്ങൾ സത്യത്തിലേക്കോ ? കോഴിക്കോട് കൂട്ടമരണങ്ങളിലെ ദുരൂഹത…!

മരണം നടന്ന സമയങ്ങളിൽ ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യം; മരിച്ച ടോം തോമസിന്റെ മകന്റെ സംശയങ്ങൾ സത്യത്തിലേക്കോ ? കോഴിക്കോട് കൂട്ടമരണങ്ങളിലെ ദുരൂഹത…!
October 04 14:43 2019 Print This Article

കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.

കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.

ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’

വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.

2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.

ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles