ചങ്ങനാശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷം; ജോസഫിന് കൊടുത്താൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി

ചങ്ങനാശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷം;  ജോസഫിന് കൊടുത്താൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി
March 06 04:00 2021 Print This Article

ചങ്ങനാശേരി ജോസഫ് വിഭാഗത്തിന് വിട്ടുനൽകുന്നതിൽ കോൺഗ്രസിന്‍റെ എതിർപ്പ് ശക്തമാകുന്നു. റിബൽ സ്ഥാനാർത്ഥിയാകാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. ജോസഫ് ഗ്രൂപ്പിന് അധിക സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി.

കോട്ടയത്തെ സീറ്റുകൾക്കായുള്ള പിടിവലിയിൽ യുഡിഎഫ് സീറ്റുവിഭജനം വഴിതെറ്റിപോകുകയാണ്. ക്ഷമനശിച്ച ജില്ലയിലെ കോൺഗ്രസ് നേതാക്കളും അണികളും നേതൃത്വത്തിന് താക്കീതുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിതുടങ്ങി. കേരള കോൺഗ്രസിന് നട്ടെല്ല് പണയം വെച്ച് ഇതുവഴി വരേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ റിബലാകാനും നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു.

ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഡിസിസി അംഗം കൂടിയായ ബേബിച്ചൻ മുക്കാടൻ പ്രഖ്യാപിച്ചു.

ജോസ് കെ മാണി മുന്നണി വിട്ടതോടെ കേരള കോൺഗ്രസ് ജില്ലയിൽ ദുർബലമായെന്നാണ് കോൺഗ്രസിൻ്റെ വാദം. സി എഫ് 9 തവണ ജയിച്ച ചങ്ങനാശ്ശേരിയിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ സീറ്റുകളും വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. യുഡിഎഫിൻ്റെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് കോൺഗ്രസ് നേതാക്കളുടേതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. സീറ്റുവിഭജനം പൂർത്തിയായാലും അണികൾക്കിടയിലെ മുറുമുറുപ്പ് അവസാനിപ്പിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles