ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞു കഴിഞ്ഞതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല. തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 38 വർഷം 214 സിനിമ.
സിനിമാനടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് സ്വന്തം നാട്ടുകാർക്കിടയിൽ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാർത്ഥത്തിൽ ഒരു ‘വലിയ തിരുമേനി’ തന്നെയാണ് ബാബു നമ്പൂതിരി.കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം.
എന്നാൽ എന്നും അതിന് കഴിയില്ല കേട്ടോ, 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.’സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും.
അതെന്റെ കർമ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്‌ക്ക് താൽപര്യവുമില്ല’-ബാബു നമ്പൂതിരി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.
Leave a Reply