തട്ടിപ്പു കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി നാട്ടിലെ സൂസൻ ആന്റി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി തട്ടിപ്പുകേസിൽ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത സൂസനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് കണ്ടെത്തി.
മുന്പും കോട്ടയത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുവാക്കളോടൊപ്പം ചുറ്റിത്തിരിഞ്ഞ് നടന്ന് സാമ്പത്തികം ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ വലയിൽ വീഴ്ത്തി തട്ടിപ്പ് നടത്തുകയാണു പതിവ്.
കോട്ടയത്ത് റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡോക്ടറുമായുള്ള അടുപ്പം മുതലെടുത്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സൂസനും സംഘവും അറസ്റ്റിലായത്. തിരുവല്ല, ചെങ്ങന്നൂർ, പുളിക്കീഴ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പ് നടത്തിയതിനു ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.
തിരുവല്ല പുളിക്കീഴ് സ്വദേശി സൂസനും (മറിയാമ്മ ചാണ്ടി, 44) ഇവരുടെ സഹായികളായ കോഴഞ്ചേരി സ്വദേശികളായ തോട്ടുപറന്പിൽ രാജേഷ്കുമാർ (40), വെണ്ണപ്പാറ മലയിൽ സുജിത്ത് (35), പിച്ചവിളയിൽ ബിജുരാജ് (42), ഐരൂർ മേതേൽമണ്ണിൽ സന്തോഷ് കുമാർ (40) എന്നിവരെ ബുധനാഴ്ച വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
അഞ്ചു മാസം മുന്പാണു സൂസൻ വ്യവസായിയായ കോട്ടയം നഗരത്തിലെ ഒരു ഡോക്ടറുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തപ്പോൾ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയാണു പണം തട്ടിയെടുത്തത്.
രണ്ടു തവണയായി ഡോക്ടറിൽനിന്ന് എട്ടു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇവർ കോട്ടയത്ത് എത്തി ഡോക്ടറോട് അഞ്ചു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടർ കോട്ടയം ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു പരാതി നല്കി.
തുടർന്ന് പോലീസ് പറഞ്ഞതനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നല്കാമെന്നു പറഞ്ഞു സംഘത്തെ വീണ്ടും നഗരത്തിൽ എത്തിച്ചാണു പിടികൂടിയത്. ഡോക്ടർ ഇവർക്കു നല്കിയ അഞ്ചു ലക്ഷം രൂപയുടെ ചെക്കും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ സൂസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണു മറ്റു തട്ടിപ്പുകളെക്കുറിച്ചു വിവരം ലഭിച്ചത്. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2001 മുതൽ 2018 വരെ കാലയളവിൽ എട്ടുകേസുകൾ സൂസനെതിരെയുണ്ട്. പണം ആവശ്യമുണ്ടെങ്കിൽ ചെറിയ പലിശയ്ക്കു തരാമെന്നു പറഞ്ഞു പരിചയക്കാരെ കബളിപ്പിച്ചതടക്കമുള്ള കേസുകളാണ് സൂസനെതിരെ പുളിക്കീഴ് സ്റ്റേഷനിലുള്ളത്.
ഒരുശതമാനം പലിശയ്ക്കു ഒരുകോടി രൂപ നൽകുന്നതിനു മുൻകൂറായി ഡോക്യുമെന്റേഷൻ ഫീസ് ഇനത്തിൽ മൂന്നുലക്ഷം രൂപ വാങ്ങി മുങ്ങുകയാണ് രീതി. മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസും ഇവർക്കെതിരെയുണ്ട്.
ഏറ്റുമാനൂർ സ്വദേശിയെ ചെങ്ങന്നൂരിൽ എത്തിച്ചു ഒരുകോടി രൂപ തരാമെന്നു പറഞ്ഞു ഡോക്യുമെന്റേഷൻ ഫീസിനത്തിൽ മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ചെങ്ങന്നൂർ സ്റ്റേഷനിലുള്ളത്. സൂസനൊപ്പം അറസ്റ്റിലായ ബിജുരാജിന്റെ പേരിലും അടിപിടിയുൾപ്പെടെയുള്ള കേസുകൾ ആറൻമുള പോലീസിലുണ്ട്.
പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിൽ സൂസൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
Leave a Reply