ക്നാനായ നവീകരണ സമിതിയുടെ വാദങ്ങൾ അംഗീകരിച്ച് ഏപ്രില്‍ 20ന് കോട്ടയം സബ് കോടതി നടത്തിയ വിധി സഭയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി വിധി വ്യക്തമായും നാലു കാര്യങ്ങളില്‍ സഭ നേതൃത്വത്തിനുള്ള താക്കീതായി മാറുന്നു എന്നാണ്  റിപ്പോർട്ടുകൾ.

1. കോട്ടയം അതിരൂപതയില്‍ നിന്നും മറ്റൊരു രൂപതയില്‍ ഉള്‍പ്പെട്ട അംഗവുമായുള്ള വിവാഹത്തിന്റെ പേരില്‍ പുറത്താക്കല്‍ നടപടി പാടില്ല
2. മുന്‍ കാല നടപടികള്‍ ഒരു കാരണവശാലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ല

3. മറ്റു സമുദായ അംഗത്തെ വിവാഹം ചെയ്താലും ക്‌നാനായ വിശ്വാസി ആയിരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്കുള്ള തുല്യ അവകാശം നിഷേധിക്കാന്‍ പാടില്ല
4. ഇപ്പോള്‍ സമുദായത്തിന് പുറത്തു പോകേണ്ടി വന്നവര്‍ക്കു തിരികെ വരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ സഭ നേതൃത്വം തയ്യാറാകണം

ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഭാരവാഹികളായ നാലുപേര്‍ വാദികളായ കേസില്‍ കോട്ടയം അതിരൂപത, രൂപത മെത്രാന്‍, സിറോ മലബാര്‍ സഭ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ എതിര്‍കക്ഷി ആയാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്.

അഡ്വ. ഫ്രാന്‍സിസ് അരയത്തുംകരയാണ് ഈ കേസില്‍ ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഹാജരായത്.അദ്ദേഹത്തോടൊപ്പം ക്‌നാനായ സമുദായത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തു പോകേണ്ടി വന്ന, ഇപ്പോള്‍ സുപ്രീം കോടതി അഭിഭാഷകനാനായ ജോര്‍ജ് തോമസും കേസില്‍ ശക്തമായ വാദമുഖങ്ങളുമായി പിന്തുണ നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഷങ്ങള്‍ നീണ്ട കേസാണ് ഇപ്പോള്‍ കോട്ടയം സബ് കോടതി തീര്‍പ്പാക്കിയിരിക്കുന്നതെന്നു വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഫ്രാന്‍സിസ് അരയത്തുംകര പറയുന്നു. ആറുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ കാര്യങ്ങളുമായി ക്‌നാനായ നവീകരണ സമിതി കോട്ടയം സബ് കോടതിക്ക് മുന്നിലെത്തുന്നത്. ഈ കേസില്‍ കോടതിക്ക് മുന്‍പില്‍ സമാനമായ കേസും അതിന്റെ നാള്‍വഴികളും ഒക്കെ ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ വേഗത്തില്‍ കഴിയുമായിരുന്നെങ്കിലും സിവില്‍ കേസെന്ന പരിഗണനയില്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു.

ഇപ്പോള്‍ ഉണ്ടായ കേസിനു സമാനമായ തരത്തില്‍ ഉള്ള മറ്റൊരു നടപടി ക്രമമാണ് കോട്ടയം സ്വദേശിയായ ബിജു ഉതുപ്പിന്റെ കേസില്‍ സംഭവിച്ചതും. ബിജുവിന്റെ മാതാപിതാക്കള്‍ക്കും മറ്റു സഹോദരങ്ങള്‍ക്കും ബാധകമല്ലാത്ത സഭ വിലക്കാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതിനു കാരണമായത് വിവാഹ സമയത്തു ബിജു സഭ നേതൃത്വത്തെ സമീപിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ മുന്‍ തലമുറയില്‍ പിതാവിന്റെ ഉറ്റ ബന്ധു സഭ വിലക്ക് നേരിട്ട് പുറത്തായ ആളാണെന്നു വിവരം ലഭിക്കുന്നത്. ഇതോടെ തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബാധകമല്ലാത്ത വിലക്ക് തനിക്കെങ്ങനെ ബാധകമാകും എന്നായിരുന്നു ബിജുവിന്റെ ചോദ്യം.

ഈ ചോദ്യം 1989ല്‍ കോട്ടയം സബ് കോടതിക്ക് മുന്നിലെത്തി. കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി തോമസിന്റെ ശക്തമായ വാദമുഖങ്ങളില്‍ സഭ നേതൃത്വത്തിന് അടിതെറ്റി. അന്ന് തോമസ് വക്കീലിന്റെ ജൂനിയര്‍മാരായിരുന്ന ഫ്രാന്‍സിസ് അരയത്തുംകരായും ജോര്‍ജ് തോമസുമാണ് ഇപ്പോള്‍ ക്നാനായ നവീകരണ സമിതിക്കു വേണ്ടിയും ഹാജരായത് എന്നത് മറ്റൊരു കാവ്യനീതിയായി മാറുന്നു. എന്തായാലും ഇപ്പോള്‍ ബാംഗ്ലൂരില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറായ ബിജുവിന്റെ കേസില്‍ മണിക്കൂറില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എഫ് എസ് നരിമാന്റെ സേവനം വരെ പ്രയോജനപ്പെടുത്തി ക്‌നാനായ സഭ സുപ്രീം കോടതി വരെ എത്തിയെങ്കിലും ഒടുവില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്കു തന്നെ അയച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇതോടെ ഒരേ സ്വഭാവമുള്ള രണ്ടു കേസുകളെ ഒരേ സമയം നേരിടേണ്ട അവസ്ഥയില്‍ എത്തിക്കുകയാണ് ക്‌നാനായ സഭ നേതൃത്വം.

സഭ വിലക്ക് മാത്രമല്ല മറ്റു പല ആചാരങ്ങളും പ്രകൃതമായതാണ് എന്നും കോടതിയില്‍ വാദി വിഭാഗം ഉന്നയിച്ചു. കാനോന്‍ വിശ്വാസം അനുസരിച്ചും ക്‌നാനായക്കാരുടെ ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ലത്രേ. ക്രിസ്തു സഭ ഒന്നേയുള്ളൂ എന്ന വാദമാണ് ഇതിന് അടിസ്ഥാനമായി വാദികള്‍ ഉയര്‍ത്തിയത്. മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സിനു ക്ഷതം ഏല്‍പ്പിക്കുന്ന കാര്യമാണ് ആചാരം എന്ന പേരില്‍ ക്‌നാനായ സമുദായത്തില്‍ വിലക്കെന്ന പേരില്‍ നിലനില്‍ക്കുന്നതെന്ന വാദവും കോടതി വിധിയില്‍ നിഴലിക്കുന്നുണ്ട്.