നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസിൽ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ അൽ ഉമ്മ പ്രവർത്തകൻ കൂടിയായ ഭായി മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീക്കിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വാഹന മോഷണക്കേസിൽ തൃശ്ശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ്(37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ കെ. എ.നിഷാദ്(37) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് റഫീഖിന്റ അറസ്റ്റ്. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാവുന്നത്. കോയമ്പത്തൂരെത്തിയ സംഘം റഫീഖിനെ പിടികൂടിയതിന് പിന്നാലെ സംഭവസ്ഥലത്ത് ഇയാൾക്ക് വേണ്ടി ആളുകൾ തടിച്ച് കൂടിയെങ്കിലും സാഹസികമായി പൊലീസ് സംഘം പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നെന്ന് വെസ്റ്റ് പോലീസ്  പ്രതികരിച്ചു.

1998 ഫെബ്രുവരി 14 ന് 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ റഫീഖ് കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ പ്രതിയായിരുന്ന 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള തന്റെ വീട്ടിൽ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം. കേസിൽ റഫീഖിന്റെ സഹോദരനും മുജീറും ശിക്ഷിക്കപ്പെട്ടിരുന്നു. അൽ ഉമ്മ കമാൻഡറെന്ന് വിശേഷിക്കപ്പെട്ടിരുന്ന മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷനിലും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ ഇല്യാസ് , നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകൾ ഇവർ കേരളത്തിൽ നിന്ന് മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു നടപടിയെന്നും പോലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ‌‌ ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും, റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് വ്യക്തമാക്കി.

കേരളത്തിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച് എൻജിൻ നമ്പരും ചെയ്സ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. ഇന്നോവ , എർട്ടിഗ , എക്സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്നാട്ടിലേയ്ക്ക് കടത്തിയത്. കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.

അതേസമയം, റഫീഖിനെ പിടികൂടാൻ കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നെങ്കിലും ലഭിച്ചില്ലെവന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയായിരുന്നു കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.