അപകടസാഹചര്യങ്ങളിലെത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ സഹായത്തിനെത്തുന്ന നിരവധി വാർത്തകള്‍ സമീപകാലത്തായുണ്ട്. ഇതിപ്പോൾ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആർഎസ്എം 924, KL 15 A 461 നമ്പർ ബസിലെ ഡ്രൈവർ. അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്ത നൂറാംതോട് സ്വദേശികളായ ബാബു–അബിദ ദമ്പതികളുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസ്സമുണ്ടായത്.

ജീവവായു കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് കരഞ്ഞ അമ്മയും അച്ഛനും എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ആലോചിക്കാൻ പോലും സമയമെടുക്കാതെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ആശുപത്രി കാഷ്വാലിറ്റി ഗേറ്റിലേക്ക് ഓടിച്ച് കയറ്റിയത്. മറ്റ് യാത്രക്കാരും കുഞ്ഞുജീവനൊപ്പം നിന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.

താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി മദർ മേരി ആശുപത്രിയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ബസ് പറന്നത്. കുഞ്ഞിന് നേരത്തെ പനിയുടെ ലക്ഷണം കണ്ടതോടെയാണ് രക്ഷിതാക്കൾ യാത്ര പുറപ്പെട്ടത്. ഷിഗല്ല പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏതായാലും ഒട്ടും താമസിക്കാതെ കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഡ്രൈവർ കാണിച്ച മനസ്സിനെ സ്തുതിക്കുകയാണ് രക്ഷിതാക്കളും യാത്രക്കാരും വാർത്ത അറിഞ്ഞവരും.