കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമ്മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. ഐ.എക്‌സ് 385 എന്ന വിമാനമാണ് രണ്ടര മണിക്കൂറിന് ശേഷം അടിയന്തര ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടായെന്ന സംശയത്തെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായി സംശയം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയമുണ്ടായത്. വിമാനത്തില്‍ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. കോഴിക്കോട്ടു നിന്ന് ദമ്മാമിലേക്ക് രാവിലെ 9.44 -ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്.
കരിപ്പൂരില്‍നിന്ന് ഉയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് സാധിക്കാത്തതിനാല്‍ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയായിരുന്നു.
11.03ന് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചത്. എന്നാല്‍, അതിന് സാധിച്ചില്ല. പിന്നെയും ആശങ്കയേറി. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്.
ലാന്‍ഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാല്‍ അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്. ഒടുവില്‍ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി. വിമാനത്താവളത്തില്‍ അപ്പോള്‍ ഏത് പ്രതിസന്ധിയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിരുന്നു. സുരക്ഷിത ലാന്‍ഡിങ്ങിനായി ഏവരും കാത്തു. കൃത്യസമയത്ത് തന്നെ റണ്‍വേയിലേക്ക് വിമാനം വന്നിറങ്ങി. അതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിവാകുകയായിരുന്നു.കൂടുതല്‍ പരിശോധനയ്ക്കായി ചാക്കയിലെ ഹാങ്ങര്‍ യൂണിറ്റിലേക്ക് വിമാനം മാറ്റും.
Leave a Reply