ചേളന്നൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടു കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. ഞേറക്കാട്ട് മുഹമ്മദ് റഫീഖ് ഷെയ്ക്കിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ്(13), അയല്‍വാസിയായ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ(14) എന്നിവരെയാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയത്. കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടതായി ഇന്നലെ വൈകുന്നേരമാണ് പോലീസിന് വിവരം ലഭിക്കുന്നത്.
ഇതോടെ നടത്തിയ അന്വേഷണത്തില്‍ ഇന്ന് (വെള്ളി) രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഒരു മുതിര്‍ന്നയാള്‍ കൂടി ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ അതില്‍ വ്യക്തതയായിട്ടില്ല. കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം, എന്നാല്‍ ബാഹ്യ പ്രേരണകള്‍ എന്തെങ്കിലും ഉണ്ടോ എന്നും, കൂടെ കണ്ടെന്ന് പറയപ്പെടുന്ന ആളാരാണെന്നും അന്വേഷിച്ച് വരികയാണ്.
കുട്ടികള്‍ എങ്ങനെ പറശ്ശിനിക്കടവിലെത്തി എന്ന വിവരങ്ങളും ലഭ്യമായിട്ടില്ല. അവശരായ കുട്ടികളെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു വന്നു. ക്ഷീണം മാറിയ ശേഷം ചോദ്യം ചെയ്യും.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മദ്രസ്സയിലേയ്ക്ക് പോകാന്‍ ഇറങ്ങിയതാണ് മുഹമ്മദ് ഷാഹില്‍. എന്നാല്‍ മദ്രസ്സയില്‍ എത്തിയില്ല. ഈ സമയത്തു തന്നെയാണ് അയല്‍വീട്ടില്‍ നിന്ന് അഭിനവിനേയും കാണാതായത്.
Leave a Reply