കോഴിക്കോട് കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടി കോടഞ്ചേരി പഞ്ചായത്ത്. അടുത്തിടെ പതങ്കയത്തും തുഷാരഗിരിയിലും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ 14 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേന ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കില്‍ പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെയാണ് ഇന്നലെ വീണ്ടും തുഷാരഗിരിക്കടുത്ത് ചക്കിപ്പാറ മിനിഡാമില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. അതില്‍ ഒരാളെ ഇന്നലെ രക്ഷിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നു 100 മീറ്റര്‍ മാറിയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് . അതേ സമയം അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. അപകടങ്ങള്‍ തടയാന്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടാന്‍ തീരുമാനിച്ചു.

മഴ കനത്തതോടെ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും വിനോദ സഞ്ചാരമേഖലകളിലേക്കുള്ള യാത്രക്ക് വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് ഇവിടെയെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മലയോര മേഖലയിലെ കനത്ത മഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാണ് . ഇതു വകവെക്കാതെയാണ് സന്നദ്ധ പ്രവര്‍ത്തകരും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്നുള്ള തിരച്ചില്‍ . മഴ കുറയുന്നതുവരെയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചു നല്‍കുന്നത്