തൃശൂർ വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട മരുകളായിരുന്നു കെ.പി.എ.സി. ലളിത. ഭരതന്റെ സഹധർമിണിയായി വടക്കാഞ്ചേരി എങ്കക്കാട് വന്ന ശേഷം നാലരപതിറ്റാണ്ട് ലളിതയുടെ കൂടെ നാടായിരുന്നു ഇത്.

1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.

നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്നു.

ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.