അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലും, എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിലും വെച്ച് നടത്തപ്പെടും. ബഥേൽ കൺവെൻഷൻ സെന്ററിൽ ആഗസ്റ്റ് 2 ,3 തീയതികളിലും, എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിൽ ആഗസ്റ്റ് 6,7 തീയതികളിലുമാണ്
കൃപാസനം ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും. ഇരുവരും അടുത്തയാഴ്ചയോടെ യു കെ യിൽ എത്തുന്നതാണ്. യു.കെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നയിക്കും.
കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ഥല പരിമിതി കാരണം എയ്‌ൽസ്‌ഫോർഡിലെ രജിസ്ട്രേഷൻ നിർത്തിവെച്ചതായി കാദോഷ് മിനിസ്റ്ററി അറിയിച്ചു.
ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) നൽകിയ തീർത്ഥാടന കേന്ദ്രവുമായ എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിൽ വെച്ചും, യു കെ യിൽ നിരവധി ആത്മീയ ശുശ്രുഷകൾക്ക് വേദിയൊരുങ്ങുകയും, അയ്യായിരത്തിലധികം പേർക്ക് ഇരിപ്പിടവും, വിശാലമായ പാർക്കിങ് സൗകര്യവും ഉള്ള ബെഥേൽ കൺവെൻഷൻ സെന്റരിൽ വെച്ചുമാണ് ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർത്ഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.
വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കപ്പെടുമ്പോൾ മാതൃ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.
രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.
യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത
സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം യേശു നാമത്തിൽ ക്ഷണിക്കുന്നു.
Please visit KadoshMarian.com for registration
Leave a Reply