പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.
തിരുവനന്തപുരം തമ്പാനൂരിൽനിന്നു മൈസൂരുവിലേക്കു പോകുന്ന ബസിൽ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ റെജിയെ കെ‌ാണ്ടുപോകാൻ ഭർത്താവ് സ്റ്റോപ്പിൽ എത്തിയിരുന്നില്ല.

വിജനമായ സ്റ്റോപ്പിൽ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിർത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭർത്താവ് വരുന്നതു വരെ ബസ് നിർത്തി കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു.

പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭർത്താവെത്തി റെജിയെ സുരക്ഷിതമായി ഏൽപ്പിച്ചാണു ബസ് ജീവനക്കാർ യാത്ര തുടർന്നത്. ബസ് ജീവനക്കാരുടെ പേരുകൾ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ.

ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സഹോദരന്‍ എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.

അന്ന് ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദന പ്രവാഹം ഇവരെയും കണ്ടു പിടിച്ചു തേടി എത്തട്ടെ…?