കൊച്ചി ∙ കുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസ സിനിമാ സെറ്റിൽ പീഡനം നേരിട്ടെന്ന ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറുകയും പലതവണ ശരീരത്തിൽ കയറിപ്പിടിക്കുകയുമുണ്ടായെന്ന് അവർ ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണീരോടെ ആയിരുന്നു മൊണാലിസയുടെ പ്രതികരണം.
ഭർത്താവ് ഫർമാൻ ഖാൻ്റെ ഒപ്പമെത്തിയ മൊണാലിസ, സംഭവത്തെക്കുറിച്ച് അന്നേ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്ന് പറഞ്ഞു. ആദ്യ സിനിമയെന്ന നിലയിൽ വീട്ടുകാർ അത് ഗൗരവമായി എടുത്തില്ലെന്നും, അതുകൊണ്ട് പുറത്തുപറയാൻ കഴിയാതിരുന്നുവെന്നും അവർ വ്യക്തമാക്കി. തനിക്ക് 18 വയസാകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിച്ചുവരികയാണെന്നും മൊണാലിസ പറഞ്ഞു. അടുത്തിടെ കേരളത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുവരികയാണെങ്കിലും, സുരക്ഷാ ഭീഷണികൾ ഉള്ളതിനാൽ അതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.











Leave a Reply