തിരുവനന്തപുരം : ദേശീയ ഭാരവാഹിപ്പട്ടികയില്‍ കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്താത്തതില്‍ ആര്‍.എസ്.എസ്. കടുത്ത ഭാഷയില്‍ ബി.ജെ.പി. ദേശീയ നേരൃത്വത്തെ അതൃപ്തി അറിയിച്ചു. എന്നാല്‍ കുമ്മനത്തെ തഴഞ്ഞതല്ലെന്നും അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം ആര്‍.എസ്.എസിനെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍നിന്നു കുമ്മനത്തെ വിജയിപ്പിക്കാമെന്നും നേതൃത്വം കരുതുന്നു.

ദേശീയ ഭാരവാഹികളുടെ അഴിച്ചുപണിക്കു പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും ഉടനുണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ കുമ്മനത്തിനു പട്ടികയില്‍ ഇടം ലഭിച്ചില്ല. ഇതിനെതിരേ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും ആര്‍.എസ്.എസിലും കടുത്ത അതൃപ്തിയാണ് ഉടലെടുത്തത്.

പാര്‍ലമെന്ററി രംഗത്തേക്കു വരാന്‍ കുമ്മനത്തിനു താല്‍പര്യമില്ലെങ്കില്‍ മന്ത്രിപദത്തിലേക്ക് എത്തുക വനിതാ പ്രാധിനിത്യം പരിഗണിച്ച് ശോഭ സുരേന്ദ്രനാകും. സംസ്ഥാന നേതൃത്വവുമായി അകന്നു കഴിയുന്ന ശോഭാ സുരേന്ദ്രനും ദേശീയ തലത്തില്‍ പ്രാതിനിധ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ ഇടംപിടിക്കാത്തത് ശോഭയെ കേന്ദ്ര തലത്തില്‍ ഉയര്‍ന്ന മറ്റൊരു സ്ഥാനം കാത്തിരിക്കുന്നുതുകൊണ്ടാണെന്നാണ് സൂചന.

പാര്‍ട്ടിയില്‍ അതൃപ്തി ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ ഈ വികാരം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് മുന്നറിയിപ്പു നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തദ്ദേശസ്വയംഭരണനിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ആര്‍.എസ്.എസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുമ്മനം ഇതു സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയിട്ടില്ല.

സ്ഥാനമാനങ്ങള്‍ പ്രതീഷിക്കുന്നില്ലെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്ന മുന്‍നിലപാട് തന്നെയാണ് അദേഹത്തിനുള്ളത്. അബ്ദുല്ലക്കുട്ടി അടക്കമുള്ളവരുടെ കഴിവു പരിശോധിച്ചാണ് ദേശീയ നേതൃത്വം പുനഃസംഘടന നടത്തിയിരിക്കുന്നതെന്നും അദേഹം പറയുന്നു. എന്നാല്‍ പുനഃസംഘടനയില്‍ പാടെ തഴയെപ്പെട്ടു എന്ന വികാരത്തിലാണ് പി.കെ കൃഷ്ണദാസ് പക്ഷം. തെലങ്കാനയുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണദാസിനെയും പുനഃസംഘടനയില്‍ ഒഴിവാക്കി.

ഒരു വര്‍ഷം മുന്‍പ് മാത്രം ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റും ടോം വടക്കനെ വക്താവുമാക്കിയതില്‍ സംഘപരിവാറിനടക്കം പ്രതിഷേധമുണ്ട്. കൃഷ്ണദാസ് പക്ഷത്തിനും അര്‍ഹമായ പരിഗണന ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് സൂചന.