കുണ്ടറയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരി മരിച്ച കേസിൽ പ്രതിയായ മുത്തച്ഛൻ വിക്ടർ ഡാനിയലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തിയ വിക്ടറിനെ ഉച്ചയോടെയാകും കൊല്ലം കോടതിയിൽ എത്തിക്കുക. പ്രതിയെ ജനങ്ങൾ അക്രമിക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുമകളെ മൃഗീയ പീഡനത്തിരയാക്കിയിട്ടും കൂസലില്ലാതെ നിന്ന വിക്ടറിനെ എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഒരു വർഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്സാക്ഷി മൊഴിയുൾപ്പെടെ ശേഖരിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ ഇയാളെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടർ. മുത്തശ്ശിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ ചില നല്ലശ്രമങ്ങൾ താഴെത്തട്ടിലെ വീഴചകൾക്കിടയിലും സഹായകരമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി: ബി.കൃഷ്ണകുമാർ പറഞ്ഞു. പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിനു രണ്ടു കേസ് കൂടി ഇയാൾക്കതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.