പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഐതിഹാസിക ചിത്രം ‘മരക്കാറി’ന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷൻ ഫോട്ടോകളെയും വാർത്തകളെയുമെല്ലാം ആവേശത്തോടെ ഏറ്റെടുക്കുകയാണ് ലാൽ ആരാധകരും സിനിമാ പ്രേമികളും. ഡിസംബർ 16നാണ് മോഹൻലാൽ ‘മരിക്കാറി’ന്റെ ലോക്കേഷനിൽ ജോയിൻ ചെയ്തത്. ഇക്കാര്യം താരം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ലൊക്കേഷനിൽ അണിയറക്കാർക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒപ്പം നടൻ സിദ്ദീഖിന്റെ ചിത്രവുമുണ്ട്. കഥാപാത്രത്തിന്റെ വേഷപ്പകർച്ചയിലാണ് ഫോട്ടോയിൽ സിദ്ദീഖ്. നീണ്ട ഇടവേളയ്ക്കു ശേഷം ഫാസിലും മലയാള സിനിമയിൽ സജീവമാകുന്നു എന്നതാണ് ‘മരക്കാർ’ ലൊക്കേഷനിൽ നിന്നു വരുന്ന വാർത്തകൾ. ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ അഭിനേതാവായാണ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്.

വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഫാസിലിന് എന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ഫാസിലിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങളിൽ പ്രണവ് മോഹൻലാലിനെയും കാണാം. പ്രണവും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് ‘മരക്കാർ’ പ്രവർത്തകർ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.

Image result for kunjali marakkar mohanlal

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കും. ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഉള്‍പ്പടെയുള്ള പ്രീ പ്രൊഡക്ഷൻ ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കപ്പലിന്റെ നിർമ്മാണജോലികൾ സാബു സിറിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും വാർത്തകളുണ്ടായിരുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതുകൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.