പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്.
പാലാ രാമപുരത്തു റിട്ട. എസ്ഐയുടെ വീട്ടിൽ നടന്ന മോഷണ ത്തിലെ പ്രതി കുറുവ സംഘാംഗം പശുപതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് സിസിടിവിയിലൂടെ പൊലീസിനെയും അപരിചതരെയും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസ് അവിടെ എത്തിയപ്പോഴേക്കും പശുപതി അവിടെ നിന്ന് കടന്നു. പശുപതിയെ പിടികൂടാനുള്ള നീക്കത്തിലാണ് ജില്ലാ പൊലീസ്.
രാമപുരത്തുനിന്നു കവർന്ന സ്വർണം പശുപതി വിറ്റഴിച്ചെന്നും പൊലീസ് മനസ്സിലാക്കി. പശുപതിയുടെ സുഹൃത്തുക്കളായ മോഷ്ടാക്കളും വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പൊലീസ് രണ്ട് തവണ ഗ്രാമത്തിൽ കടന്നുകയറി ഒന്നര ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു.കേസിലെ പ്രധാനി തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തി (25)നെ പാലാ പൊലീസ് പിടികൂടിയിരുന്നു.
പാലാ, രാമപുരം, ചങ്ങനാശേരി, പൊൻകുന്നംസ്റ്റേഷൻ പരിധികളിൽ 2023 മേയ്, ജൂൺ മാസങ്ങളിലാണു കുറുവ സംഘം മോഷണം നടത്തിയത്.
ഷർട്ടിടാതെ മുഖം മറച്ചാണ് സന്തോഷും സംഘവും മോഷണം നടത്തുന്നത്. കേസിൽ സന്തോഷ് ശെൽവമടക്കമുള്ള പ്രതികളുമായി പൊലീസ് സഞ്ചരിക്കുമ്പോഴും കുറുവ സംഘം പൊലീസിനെ പിന്തുടർന്നെത്തിയിരുന്നു. പശുപതിയെ പിടികൂടുന്നതിനു പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നു പാലാ ഡിവൈഎസ്പി കെ. സദൻ അറിയിച്ചു.
Leave a Reply