മൊകേരിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്ന വഴിത്തിരിവിലേയ്ക്ക്. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ എട്ടിനാണ് ശ്രീധരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍, മൃതദേഹത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തുകയും ഭാര്യ ഗിരിജയെയും ഇവരുടെ മാതാവ് ദേവിയേയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. ശ്രീധരന്റെ ഭാര്യ ഗിരിജ (35), ഭാര്യാ മാതാവ് ദേവി (60), ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍ (45) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നാണ് കൊലപാതകത്തിന്റെ കാരണം പോലീസിന് വ്യക്തമായത്.
അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയിരുന്നു. വീടുപണിയുടെ സൗകര്യത്തിനായി ശ്രീധരന്റെ വീട്ടില്‍ ഇയാള്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. ഈ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഗിരിജക്ക് ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ ബംഗാള്‍ സ്വദേശി സ്ഥലം വിട്ടുവെങ്കിലും പോലീസ് ഇയാളെ നാടകീയമായി കുടുക്കി. ഗിരിജയില്‍ നിന്നും മൊബൈല്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമാകുകയും ഇയാള്‍ക്കായി പോലീസ് വലവിരിക്കുകയമായിരുന്നു. തുടര്‍ന്ന് ഗിരിജയെ കൊണ്ട് ഇയാളുടെ മൊബൈല്‍ ഫോണിലേയ്ക്ക് വിളിപ്പിച്ച പോലീസ് കോഴിക്കോട് എത്തണമെന്നും രക്ഷപെടാനുള്ള വഴിയുണ്ടാക്കാമെന്നും അറിയിക്കുകയായിരുന്നു. ഗിരിജയുമായി റെയില്‍വേ സ്‌റ്റേഷനു സമീപം എത്തിയ മഫ്തി പോലീസിന് മുന്‍പിലേയ്ക്ക് ഇയാള്‍ വന്നുപെടുകയായിരുന്നു.
Leave a Reply