കൊച്ചി : സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ ഹൈക്കമാന്‍ഡിന്റെ വിലക്കു ലംഘിച്ച്‌ പ്രഫ. കെ.വി. തോമസ്‌ പങ്കെടുക്കുമോ എന്നതു കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ക്യാമ്പുകളില്‍ ചര്‍ച്ചയാകുന്നു. വിലക്ക്‌ നിലനില്‍ക്കെ അദ്ദേഹം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയയ്‌ക്കുകയും അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു.

അനുമതി കിട്ടില്ലെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ കത്തയച്ചതു ഭാവി രാഷ്‌ട്രീയ തീരുമാനത്തിനു വഴിയൊരുക്കാന്‍ നടത്തിയ നീക്കമാണെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കരുതുന്നു. എ.കെ. ആന്റണിയുടെ കാലാവധി തീര്‍ന്ന ഒഴിവില്‍ രാജ്യസഭയിലെത്താന്‍ ആഗ്രഹിച്ചിരുന്ന തോമസ്‌ അതു നിഷേധിക്കപ്പെട്ടതില്‍ നിരാശനാണ്‌. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ വരാനിരിക്കെ അദ്ദേഹം ഇടതിനോട്‌ അടുക്കുകയാണോ എന്ന ചോദ്യത്തിന്‌ സി.പി.എമ്മിന്‌ ഉത്തരം കിട്ടിയിട്ടുമില്ല.

ദേശീയ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റെന്ന്‌ ഹൈക്കമാന്‍ഡ്‌ അനുമതി നിഷേധിച്ചതിനു ശേഷവും കെ.വി. തോമസ്‌ ആവര്‍ത്തിക്കുകയാണ്‌. സെമിനാറില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്‌, “ഉവ്വ്‌” എന്നോ “ഇല്ല” എന്നോ പറയാന്‍ അദ്ദേഹം തയാറായില്ല. “ഇനിയും സമയമുണ്ടല്ലോ” എന്നാണു മറുപടി. ഇരുപക്ഷവുമായും വില പേശാനുള്ള സമയം എന്നാണ്‌ ഇതു വ്യാഖ്യാനിക്കപ്പെടുന്നത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടും കഴിഞ്ഞ ദിവസം തോമസുമായി സംസാരിച്ചിരുന്നു. വൈകാതെ തീരുമാനം പറയാമെന്ന മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ പങ്കെടുക്കുന്ന പ്രധാന സെമിനാറിനു തോമസ്‌ എത്തുമെന്നുതന്നെയാണ്‌ സി.പി.എം. നേതൃത്വം കരുതുന്നത്‌. ശശി തരൂര്‍ പങ്കെടുക്കില്ലെന്നു സി.പി.എം. ഉറപ്പിച്ചിട്ടുണ്ട്‌.

തൃക്കാക്കരയല്ല, തോമസിന്റെ യഥാര്‍ഥ ലക്ഷ്യം കൊച്ചി നിയമസഭാ മണ്ഡലമാണെന്നാണ്‌ അടുപ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. കെ.ജെ. മാക്‌സി രണ്ടുതവണ മത്സരിച്ച നിലയ്‌ക്ക്‌ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതിന്‌ അവിടേക്കു മറ്റൊരാളെ കണ്ടെത്തണം. അവിടെ വേരോട്ടമുള്ള മറ്റു നേതാക്കള്‍ ഇടതുപക്ഷത്തില്ല എന്നതു തോമസിന്‌ അനുകൂല ഘടകമാണ്‌.