അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ വോട്ടവകാശത്തിന്റെ കാര്യത്തിൽ ചില നയപരമായ തീരുമാനങ്ങൾ എടുക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. യുകെയിൽ താമസിക്കുന്ന ചില രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വോട്ടവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ഇതോടൊപ്പം പതിനാറും പതിനേഴും വയസ്സ് പ്രായമായവർക്കും വോട്ടവകാശം നൽകുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിൽ ഉണ്ട് .


2020 -ൽ തന്നെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ബ്രിട്ടനിൽ താമസിക്കുന്ന എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യുകെയിൽ പൂർണമായ വോട്ട് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം തങ്ങളുടെ പ്രകടനപത്രികയുടെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇവിടെ താമസിച്ച് രാജ്യത്തിനായി സംഭാവന നൽകുന്നവരെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നാണ് ലേബർ പാർട്ടിയുടെ വാദം.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർക്ക് വോട്ടവകാശം നൽകുന്നത് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൺസർവേറ്റീവ് പാർട്ടി കാണുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും അടുത്ത യു കെ സർക്കാരിനെ തിരഞ്ഞെടുക്കാനുമുള്ള അവകാശം ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമുള്ളതാണെന്നാണ് ഈ വിഷയത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്‌സ് പ്രതികരിച്ചത്. നിലവിൽ യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഏകദേശം 3.4 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാർ യുകെയിൽ ഉണ്ടെന്നാണ് കണക്കുകൾ . വോട്ടിംഗ് പ്രായം 16 വയസ്സായി കുറയ്ക്കുമെന്ന് ലേബർ പാർട്ടി 2015 -ലെയും 2017 – ലെയും പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു