സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകൾ ശക്തം. സഹപ്രവർത്തകരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രീതിയുടെ പെരുമാറ്റം തികച്ചും മോശമാണെന്ന് ആരോപണങ്ങളാണ് ആഭ്യന്തരസെക്രട്ടറിക്കെതിരെയുള്ളത്. പ്രീതി അപമാനിച്ചതായി പറയപ്പെടുന്ന മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് റൂട്നം രാജിവെച്ചു. ഇതിനിടയിലാണ് പ്രീതിക്കെതിരെ മൂന്ന് വർഷം മുൻപ് പരാതികൾ ഉള്ളതായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ബിബിസിയും മിററും മറ്റുമാണ് ഈ തെളിവുകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് ഈ തെളിവുകളെ സംബന്ധിച്ച് ഇതുവരെ ഒരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല. ആഭ്യന്തരവകുപ്പും പ്രീതിയെ സംബന്ധിച്ച ഈ ആരോപണങ്ങൾക്കുമേൽ മൗനമായി ഇരിക്കുകയാണ്.

ഡൗണിങ് സ്ട്രീറ്റ് നടത്തിയ പ്രസ്താവനയിൽ ക്യാബിനറ്റിലെ ഓരോ അംഗത്തിനും മേൽ പ്രധാനമന്ത്രിക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ പ്രീതി പട്ടേലിന്റെ പേർ എടുത്തു പറഞ്ഞില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയിൽ പ്രീതി പട്ടേലിനുമേൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.

പ്രീതി പട്ടേലിനെതിരെയുള്ള ആരോപണത്തിനു മേൽ അന്വേഷണം നടത്തണമെന്ന ആവശ്യം ലിബറൽ ഡെമോക്രാറ്റുകൾ ഉയർത്തിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകളാണ് ലഭിക്കുന്നത്.