ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നവരെ തടയാൻ യൂറോപ്പുമായി പുതിയ കരാറിൽ ഏർപ്പെടാൻ ലേബർ പാർട്ടി. ചാനൽ കടക്കാൻ സഹായിക്കുന്ന സംഘങ്ങളെ തകർക്കുന്നത് തീവ്രവാദത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസിയുമായുള്ള ചർച്ചകൾക്കായി ഹേഗിലുള്ള ലേബർ നേതാവ് കെയർ സ്റ്റാമർ പറഞ്ഞു. ആളുകളെ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും തന്റെ ചർച്ചകൾ അതിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് യുകെ സർക്കാരായിരിക്കണം,” കെയർ കൂട്ടിച്ചേർത്തു.

ചാനൽ കടക്കാൻ ആളുകളെ സഹായിക്കുന്നത് പ്രത്യേക സംഘങ്ങളാണ്. ഈ സംഘങ്ങളെ ഇല്ലാതാക്കാൻ രഹസ്യാന്വേഷണം നടത്തുന്നതിനായുള്ള സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കരാറിൽ ഏർപ്പെടാനാണ് താൻ യൂറോപോളിൽ എത്തിയതെന്ന് കെയർ പറഞ്ഞു. ലേബർ സർക്കാർ അധികാരത്തിൽ വന്ന് 12 മാസത്തിനുള്ളിൽ അഭയാർഥികൾക്കായി ഹോട്ടലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

45,755 കുടിയേറ്റക്കാർ 2022-ൽ ചാനൽ മുറിച്ചുകടന്നു, 2018-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 20,101 പേർ ചാനൽ കടന്നു. നിലവിലെ ഗവൺമെന്റ് പദ്ധതികൾ ഉപേക്ഷിക്കാനും പകരം ചാനൽ കടക്കുന്നവർക്കെതിരെ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം ഏജൻസിക്കായി കൂടുതൽ വിഭവസമാഹരണം നടത്താനും ലേബർ പദ്ധതിയിടുന്നു.