സ്വന്തം ലേഖകൻ

നാലു വർഷം മുൻപ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും പടിയിറങ്ങിപ്പോയ മാലിദ്വീപ് വീണ്ടും തിരിച്ചു വരികയാണ്. കോമൺവെൽത്ത് രാജ്യങ്ങളുടെ എണ്ണം അങ്ങനെ വീണ്ടും 54 ആയി. ഫെബ്രുവരി 1 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് ആണ് ഈ മാറ്റം നടന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ വിടവാങ്ങലിനു കാരണമായ ബ്രക്സിറ്റ് നടന്നതിനു ഒരു മണിക്കൂറിനു ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നത്. കടൽ തീരങ്ങൾക്കും, ടൂറിസ്റ്റ് റിസോർട്ടുകൾക്കും ശ്രദ്ധേയമായ മാലിദ്വീപ്, 2016- ലാണ് കോമൺവെൽത്തിൽ നിന്നും പിന്മാറുന്നത്. 2018 – ൽ ഇബ്രാഹിം ഇബു മെഹമ്മെദ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൂടിയാണ് ഈ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. അദ്ദേഹം അധികാരത്തിലെത്തിയ ശേഷം പല നല്ല മാറ്റങ്ങളും രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

പല രാഷ്ട്രീയ തടവുകാരെയും അദ്ദേഹം വിട്ടയച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നാടുകടത്തപ്പെട്ട പ്രതിപക്ഷ പാർട്ടി അംഗങ്ങളെയും അദ്ദേഹം തിരികെ കൊണ്ടു വരികയാണ്. മാലിദ്വീപിനെ തിരികെ എടുക്കുവാൻ കോമൺവെൽത്തിലെ നിലവിലുള്ള എല്ലാ രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് സമാധാനമായ ജനാധിപത്യഭരണം നടപ്പിലാകുന്നുണ്ടെന്ന് തെളിയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ഏകദേശം 1200 ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. ഏകദേശം അഞ്ചു ലക്ഷം ആളുകൾ മാത്രമാണ് ഈ രാജ്യത്ത് താമസിക്കുന്നത്. വർഷങ്ങളായി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ആണ് നടക്കുന്നത്. 2008ലാണ് അവിടെ ജനാധിപത്യഭരണം ആദ്യമായി നിലവിൽ വരുന്നത്. നിലവിൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ തലവൻ. തിരികെ വീണ്ടും കോമൺവെൽത്ത് കൂട്ടായ്മയിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.