ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം രണ്ട് കുട്ടികളിൽ മുകളിലുള്ളവർക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ ചൈൽഡ് ടാക്‌സ് ക്രെഡിറ്റോ ക്ലെയിം ചെയ്യുവാൻ സാധിക്കില്ല. എതിർപ്പുകൾക്കിടയിലും ഈ നിയമം തന്നെ തുടരാനുള്ള ലേബർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുന്ന ബിൽ ആണ് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്ത 7 ലേബർ പാർട്ടി എംപിമാരെ പ്രധാനമന്ത്രി സ്റ്റാർമർ സസ്പെൻഡ് ചെയ്തു. മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡോണലും, മുൻ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, അപ്‌സാന ബീഗം, റിച്ചാർഡ് ബർഗൺ, ഇയാൻ ബൈർൺ, ഇമ്രാൻ ഹുസൈൻ, സാറാ സുൽത്താന എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പുതിയ ലേബർ പാർട്ടി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം നടന്ന ആദ്യ ശക്തി പ്രകടനത്തിൽ, പ്രധാനമന്ത്രി സ്റ്റാർമർ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തന്റെ ബിൽ പാസാക്കി. വിപ്പ് നഷ്ടമായ എംപിമാർ ഇനിമുതൽ പാർലമെന്റിൽ ആറുമാസത്തേക്ക് സ്വതന്ത്ര എംപിമാരായി തുടരും. മിക്കവാറും എല്ലാ വിമത എംപിമാരും തന്നെ മുൻ ലേബർ നേതാവും, നിലവിൽ സ്വതന്ത്ര എംപിയായി തുടരുന്ന ജെറമി കോർബിൻ്റെ അനുഭാവികളാണ്.
സമൂഹത്തിലെ ദുർബലരായ വിഭാഗത്തിന് വേണ്ടി താൻ എപ്പോഴും നിലകൊള്ളുമെന്നും, രണ്ടു കുട്ടികൾക്ക് ശേഷം ആനുകൂല്യം ലഭിക്കില്ലെന്ന് ഈ നിയമം എടുത്ത് മാറ്റിയാൽ 33,000 ത്തോളം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാമെന്നും എം പിയായ സാറ സുൽത്താന വ്യക്തമാക്കി. വിപ്പ് റദ്ദാക്കാനുള്ള തീരുമാനം പുതിയ സർക്കാരിന്റെ തുടക്കത്തിൽ തന്നെയുള്ള ശക്തിപ്രകടനമാണ്. ചെറിയതോതിൽ ആണെങ്കിലും, തങ്ങൾക്കെതിരെയുള്ള വിയോജിപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ലേബർ പാർട്ടി എംപിമാർക്ക് നൽകുന്നത്. ഈ നിയമം അവസാനിപ്പിക്കണമെങ്കിൽ ആവശ്യമായ പണച്ചെലവ് ആണ് സർക്കാരിനെ പിന്നോട്ട് നയിക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഈ നിയമത്തിന് എതിരായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്‌ക്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് കണക്കുകൾ പ്രകാരം, ഈ നിയമം നീക്കം ചെയ്യുന്നതിലൂടെ സർക്കാരിന് പ്രതിവർഷം 3.4 ബില്യൺ പൗണ്ട് ചിലവ് വരുമെന്ന് വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ ഉണ്ടായിട്ടും തങ്ങളുടെ തീരുമാനം പാസാക്കിയെടുത്തത് സർക്കാരിന്റെ ശക്തിയെ കാണിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
Leave a Reply