ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സീരിയൽ കൊലപാതകിയായ നേഴ്സ് ലൂസി ലെറ്റ്‌ബി തനിക്കെതിരെയുള്ള ശിക്ഷാനടപടികൾ കേൾക്കുവാനായി കോടതിയിൽ വരുവാൻ വിസമ്മതിച്ചത് നിയമനിർമ്മാണങ്ങളിൽ പുതിയ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. കുറ്റവാളികൾ തങ്ങൾക്കെതിരെയുള്ള കോടതി വിചാരണകളിലും ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്തും പങ്കെടുക്കണമെന്നത് നിർബന്ധിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. 2015 നും 2016 നും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലും, മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ലെറ്റ്ബി കുറ്റക്കാരി ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഉണ്ടായ തനിക്കെതിരെയുള്ള അന്തിമ കുറ്റവിധി കേൾക്കുവാൻ അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടൊപ്പം തന്നെ തിങ്കളാഴ്ച അവർക്കെതിരെ പുറപ്പെടുവിക്കുന്ന അന്തിമ ശിക്ഷാവിധി കേൾക്കുവാനും തനിക്ക് ഹാജരാക്കുവാൻ താല്പര്യമില്ല എന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ലെറ്റ്ബിയെ കോടതിയിൽ ഹാജരാക്കുന്നതിന് നിർബന്ധിക്കുവാൻ തനിക്ക് യാതൊരുവിധ നിയമനിർമ്മാണത്തിന്റെയും പിൻബലമില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനിമുതൽ കുറ്റവാളികൾ തങ്ങളുടെ ശിക്ഷ നടപടികളിൽ നേരിട്ട് പങ്കെടുക്കണമെന്ന പുതിയ നിയമനിർമ്മാണമാണ് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുറ്റവാളികൾ തങ്ങൾ ചെയ്ത ഹീന കൃത്യങ്ങൾക്ക് പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ കഴിയുന്നത്ര വേഗം നിയമം മാറ്റുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പാർലമെന്റിലൂടെ ഇത് സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ ഇത്തരത്തിലുള്ള നിയമ നിർമ്മാണത്തെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകും. ഇത്തരത്തിൽ കുറ്റവാളികൾ നിർബന്ധിക്കപ്പെട്ടില്ലെങ്കിൽ ഇരകളോട് ചെയ്യുന്ന കടുത്ത അവഗണന ആകുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവയ്ക്കുന്നത്.