ഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ ശകാരത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. ഗൊരഖ്പുര്‍ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെ തുടര്‍ന്ന് 2013 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമാണ് പൊട്ടിക്കരഞ്ഞത്.
പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്ത് പോലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. “നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.” – ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ താനാണ് ചുമലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.
എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗത്തിന്റെ കണ്ണ് നിറഞ്ഞു. ഇതിനിടയില്‍ തൂവാലയെടുത്ത ചാരു നിഗം കണ്ണു തുടച്ചു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. സമാധാനപരമായി സമരം നടത്തിയ സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവര്‍ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു
Leave a Reply