മുണ്ടൂരില്‍ യുവതിയെ ഭര്‍ത്താവ് റോഡിലിട്ട് കുത്തി കൊന്നു.മുണ്ടൂര്‍ കുളമുള്ളി വീട്ടില്‍ നാണിക്കുട്ടിയുടെ മകള്‍ നിഷ (28) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് തിരികെ വരവെ വീടിനടുത്ത് കാട്ടുകുളത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ സമീപത്ത് കാത്തു നിന്നിരുന്ന ഭര്‍ത്താവ് ബിജു കുത്തുകയായിരുന്നു.
കുത്തേറ്റു വീണ നിഷയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെ ബിജു ഒാടി രക്ഷപ്പെട്ടു. നിഷയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.  കുടുംബ പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്നാണ് അറിയുന്നത്. ഒരു വര്‍ഷത്തിലധികമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായ ബിജുവിനെ പൊലിസ് തിരയുന്നുണ്ട്. കോങ്ങാട് പൊലിസാണ് കേസ് അന്വേഷിക്കുന്നത്.