സ്പെയിനിൽ ഫോണില്‍ നോക്കിക്കൊണ്ടു പ്ലാറ്റ്ഫോമിലൂടെ നടന്ന യാത്രക്കാരി റെയിൽവേ ട്രാക്കിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വിഡിയോ വൈറൽ. തൊട്ടുമുന്നിൽ ട്രെയിന്‍ എത്തിയപ്പോഴാണ് യാത്രക്കാരി മൊബൈലിൽനോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് സ്ത്രീ വീഴുന്നതും കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വിഡിയോയില്‍ വ്യക്തമല്ല.
മാഡ്രിഡ് മെട്രോയാണ് ഒക്ടോബർ 24ന് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിട്ടത്. വടക്കൻ മഡ്രിഡിലെ എസ്ട്രെചോ സ്റ്റേഷനിലാണു സംഭവം നടന്നത്. ട്രാക്കിലേക്കു വീണതിനു പിന്നാലെ ഇവരെ രക്ഷിക്കുന്നതിനു യാത്രക്കാർ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്. എന്നാൽ കൃത്യ സമയത്തു ട്രെയിൻ നിർത്താൻ സാധിച്ചോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ട്രാക്കിലേക്കു വീണ സ്ത്രീക്കു ഗുരുതരമായ പരുക്കില്ലെന്നാണു മെട്രോ അധികൃതരുടെ പ്രതികരണം. ഈ കേസിൽ പേടിക്കാനൊന്നുമില്ല. യാത്രക്കാരി സുഖമായിരിക്കുന്നു– വിഡിയോ ദൃശ്യത്തോടൊപ്പം മഡ്രിഡ് മെട്രോ ട്വിറ്ററിൽ കുറിപ്പിട്ടു.
യാത്രക്കാർക്കു ജാഗ്രതാ നിര്‍ദേശം നൽകുന്നതിനാണ് മെട്രോ അധികൃതർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ ഫോണിൽനിന്നു കണ്ണെടുത്തു സുരക്ഷിതമായി സഞ്ചരിക്കണമെന്നും മെട്രോ വ്യക്തമാക്കി.
⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa
— Metro de Madrid (@metro_madrid) October 24, 2019
Leave a Reply