ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിയും യുവഗായികയുമായ ലക്ഷ്മി (20) ദാരുണമായി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മിഭവനത്തിൽ പരേതനായ ബാലുവിന്റെയും ഷീജയുടെയും മകളും കൊട്ടാരക്കര എസ്.ജി. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ ലക്ഷ്മിയാണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മൈനാഗപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെ ഭരണിക്കാവ്–കൊട്ടാരക്കര പാതയിലെ സിനിമാപറമ്പിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ പാതയോരത്തെ മരത്തിലിടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക നിഗമനം.

വാഹനത്തിന്റെ ബോഡിയിൽ ശബ്ദ സംവിധാനങ്ങൾ നിറഞ്ഞതിനാൽ മുന്നിലെ ക്യാബിനിലിരുന്ന ലക്ഷ്മിക്ക് ഇടിയുടെ ആഘാതത്തിൽ തന്നെ ജീവൻ നഷ്ടമായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ബാൻഡ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അലമാര നിറയെ മിമിക്രിയുടെയും നാടൻപാട്ടിന്റെയും പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്ന ലക്ഷ്മിയുടെ മൃതദേഹം അവയ്ക്കുമുന്നിൽ വെച്ചപ്പോൾ ഗ്രാമം മുഴുവൻ കണ്ണീരിലാഴ്ന്നു. പത്തുവർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് താങ്ങായി ഉയർന്നുവരികയായിരുന്നു ഈ യുവകലാകാരി. പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച ലക്ഷ്മിയുടെ അകാലവിയോഗം കുടുംബത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കനത്ത ഇരുളായി. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.