അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ മോദിയെ സന്ദര്‍ശിച്ചിരുന്നു. ലാലിന്റെമാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിശ്വശാന്തി ഫൌണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.
ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഇതു മാത്രമായിരുന്നില്ല കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസും ഡെക്കാണ്‍ ക്രോണിക്കിളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ലാലിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ അടുത്തിടെ ചില നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസുമായി ഊഷ്മള ബന്ധമാണ് ലാലിനുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടന ആവശ്യപ്പെട്ടാല്‍ താരം നിരസിക്കാനിടയില്ല.
ബിജെപി വലിയ അടിത്തറയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവന്തപുരം. കഴിഞ്ഞതവണ ശശി തരൂര്‍ ഇവിടെ ജയിച്ചിരുന്നെങ്കിലും വലിയ മത്സരത്തിനുശേഷമാണ് ഒ. രാജഗോപാല്‍ തോല്‍വി സമ്മതിച്ചത്. ഒരുഘട്ടത്തില്‍ രാജഗോപാല്‍ ജയിച്ചേക്കുമെന്ന പ്രതീതിയും വോട്ടെണ്ണലില്‍ ദൃശ്യമായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചടക്കാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ഥി വേണമെന്ന ആവശ്യത്തിനൊടുവിലാണ് ബിജെപി ലാലിലേക്ക് കണ്ണെറിഞ്ഞിരിക്കുന്നത്. ലാല്‍ വന്നാല്‍ തിരുവനന്തപുരത്ത് രണ്ടു താര സ്ഥാനാര്‍ഥികളുടെ മത്സരമായി അതു മാറും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യക്ഷേമ പ്രവര്‍ത്തകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര. അതുകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply