ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.

അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.

വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.