ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎ യുമായ തോമസ് ചാണ്ടിക്ക് ആലപ്പുഴയുടെ ആദരാഞ്ജലി. ഇഎംഎസ് സ്റ്റേഡിയത്തിൽ തോമസ് ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. വൈകുന്നേരം 4.30ഓടെ മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനെത്തിച്ചു.
കെഎസ്ആർടിസിയുടെ ലോഫ്ളോർ വാഹനത്തിലാണ് മൃതദേഹം എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. വിവിധയിടങ്ങളിൽനിന്നായി ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽനിന്നുള്ളവരും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഇഎംഎസ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടിയും ചീഫ് സെക്രട്ടറിക്കുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും ജില്ലാ കളക്ടർ എം. അഞ്ജന പുഷ്പചക്രം അർപ്പിച്ചു.
മുൻമന്ത്രി എസ്. ശർമ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, എ.എൻ. ഷംസീർ, മുൻ എംഎൽഎമാരായ സി.എസ്. സുജാത, ഡോ. കെ.സി. ജോസഫ്, ഡി. സുഗതൻ, ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. ആലപ്പുഴ പ്രസ്ക്ലബിനുവേണ്ടി സെക്രട്ടറി ആർ. രാജേഷ്, പ്രസിഡന്റ് യു. ഗോപകുമാർ, ട്രഷറർ ജെ. ജോജിമോൻ എന്നിവർ ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം കുട്ടനാട്ടിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിലെ പ്രാർഥനകൾക്കുശേഷം രണ്ടിന് ആലപ്പുഴ ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ സംസ്ക്കരിച്ചു
Leave a Reply