മഹാരാഷ്ട്രയില്‍ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിനടുത്ത് കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മലയാളിയെ കാണാതായി. പുണെ വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ശശി നമ്ബ്യാരുടെ മകന്‍ വൈശാഖ് നമ്ബ്യാരെയാണ് (40) കാണാതായത്. ശനിയാഴ്ച വൈശാഖും സുഹൃത്ത് നിതീഷ് ഷേലാരുംകൂടിയാണ് കൊയ്‌ന അണക്കെട്ടിലേക്ക് വിനോദയാത്രപോയത്.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച് രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പബല്‍ നാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നതും പോലീസിനെ അറിയിക്കുന്നതും. തുടര്‍ന്നുനടന്ന പരിശോധനയില്‍ കാറിനുള്ളില്‍നിന്ന് നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു.

കാര്‍ ഓടിച്ചിരുന്നത് നിതീഷായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹം കാറില്‍നിന്നു കിട്ടി. ഞായറാഴ്ച പോലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് തിങ്കളാഴ്ച പുണെയില്‍നിന്ന് ബന്ധുക്കളും വഡ്ഗാവ്‌ശേരി മലയാളിസമാജത്തിന്റെ പ്രവര്‍ത്തകരും കൊയ്‌നയില്‍ എത്തിയിരുന്നു.

ആര്‍.ഡി.ഒ., പോലീസ്, വനംവകുപ്പ്, മുങ്ങല്‍വിദഗ്ധര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. ശക്തമായ മഴയും പ്രതികൂലകാലാവസ്ഥയും തിരച്ചിലിനു തടസ്സമായിട്ടുണ്ട്. കുടുംബസമേതം ന്യൂസീലന്‍ഡില്‍ താമസിക്കുന്ന വൈശാഖ് ഔദ്യോഗികാവശ്യത്തിനായി അടുത്തിടെയാണ് പുണെയിലെത്തിയത്.