പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു കുടുംബത്തെ കാണാതായി. പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ എട്ടുമരണമാണ് ഇന്ന് മാത്രം ഉണ്ടായത്. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആദ്യഘട്ടത്തില്‍ പാലക്കാട് നഗരത്തിലാണ് മലമ്പുഴ ഡാമിലെ വെള്ളം കയറി വെള്ളപ്പൊക്കമുണ്ടായത്.
തൃശൂര്‍ കൂടരഞ്ഞി പഞ്ചായത്തിൽ പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ വീടുതകർന്ന് രണ്ടുപേർ മരിച്ചു. മാവൂരിനടുത്ത് ഊർക്കടവിൽ മണ്ണിടിഞ്ഞ് രണ്ടു കുട്ടികളും മരിച്ചു. വേങ്ങേരിയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചതായും വിവരമുണ്ട്. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി മൊത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. കൂരാച്ചുണ്ട് പഞ്ചായത്തിലും കുറ്റ്യാടിച്ചുരത്തിലും ഉരുൾപൊട്ടലുണ്ട്. നഗരത്തിൽ രാവിലെ മുതൽ മഴയൊഴിഞ്ഞു നിൽക്കുകയാണെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല. വയനാട്ടിലേക്കുള്ള ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കുതിരാനിൽ മലയിടിഞ്ഞ് റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിനടിയിൽ ഒരു ലോറി പെട്ടെങ്കിലും ആളപായമുണ്ടായിട്ടില്ലെന്ന് ഹൈവേ പൊലീസ് അറിയിച്ചു. നിലവിൽ തൃശൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് എത്താനുള്ള വഴികൾ അടഞ്ഞിരിക്കുകയാണ്.
പത്തനംതിട്ട സീതത്തോട് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയേറിയതിനെ തുടർന്ന് തേക്കുംമൂട്, ചിറ്റാർ–86, കൊട്ടുപ്പള്ളിമല, നാലാം ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ പേരെ ദുരിതാശ്വാസ ക്യാപുകളിലേയ്ക്കു മാറ്റി.സീതത്തോട് കെആർപിഎം എച്ച്എസ്എസ്, മൂന്നുകല്ല് സെന്റ് തോമസ് എൽപി സ്കൂൾ,നാലാം ബ്ലോക്ക് മാർത്തോമ്മാ ചർച്ച്,ചിറ്റാർ–86 ജമാഅത്ത് ചർച്ച്,കോട്ടമൺപാറ ചരുവിൽ ഓഡിറ്റോറിയം,കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളി, സീതക്കുഴി കമ്മ്യൂണിറ്റി ഹാൾ, സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് തുടങ്ങിയ സ്ഥലത്താണ് ക്യാപുകൾ തുറന്നത്.
• മട്ടന്നൂർ നായ്ക്കാലിയിൽ ഉരുൾപൊട്ടൽ; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു
• കൊട്ടിയൂർ അമ്പായത്തോട്, പന്നിയാൻമല, കോളയാട് പെരുവ എന്നിവിടങ്ങളിലും ഉരുൾപൊട്ടി
• കണ്ണവം പുഴ കരകവിഞ്ഞതോടെ പുഴയോരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
• പാനൂർ നരിക്കോട്ടുമല ഉരുൾപൊട്ടൽ ഭീഷണിയിൽ. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
• മട്ടന്നൂർ ശിവപുരം കുണ്ടേരിപ്പൊയിലിൽ 25 വീടുകളിൽ വെള്ളം കയറി
• നിലവിൽ ജില്ലയിൽ 13 ദുരിത്വാശ്വാസ ക്യാംപുകളിലായി എണ്ണൂറോളം പേർ.
പൂമലയിൽ വീടു തകർന്ന് രണ്ടു മരണം. ഉരുൾപൊട്ടലിൽ ഒരു മരണം. അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയിൽ ഉരുൾപൊട്ടി പണ്ടാറൻപാറ രവീന്ദ്രന്റെ ഭാര്യ ലീല (62) യാണ് മരിച്ചത്.
• മാളയിലെ അന്നമനട, കുഴൂർ പഞ്ചായത്തുകൾ ഒറ്റപ്പെടുന്നു. രണ്ടിടത്തും ഹെലികോപ്റ്ററുകൾ എത്തിച്ച് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂർ ഭാഗത്തുമാത്രം 5000 പേർ ക്യാംപുകളിലെത്തി. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം.
• പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞതിനെത്തുടർന്നു പൂർണ്ണമായും ഗതാഗതം നിലച്ചു. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊർണ്ണൂർ വഴിയും പോകാനാകില്ല.
• തൃശൂർ – ഷൊർണ്ണൂർ റോഡിൽ തൃശൂർ നഗരത്തിനടത്തു വിയ്യൂരിൽ വെള്ളക്കെട്ട്. ഗതാഗതം ഭാഗികമായി നിലച്ചു.
• മണ്ണുത്തിക്കടത്തു താണിപ്പാടത്തും വഴക്കുംപാറയിലും മണ്ണിടിച്ചിൽ. പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞതിനാൽ വെള്ളക്കെട്ട്.
• പീച്ചി ഡാമിന്റെ ഷട്ടറുകൾ തകരാറിലായതിനെത്തുടർന്നു ഷട്ടറിന്റെ ചങ്ങലകൾ മുറിച്ചുമാറ്റി ഉയർത്തി. 31 ഇഞ്ച് ഉയർത്തിയിരുന്ന ഷട്ടർ 42 ഇഞ്ചിലേക്കാണ് ഉയർത്തിയത്.
• ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറുന്നു. എറണാകുളം – തൃശൂർ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികം മാത്രം. യാത്ര ഒഴിവാക്കണമെന്നു നിർദ്ദേശം
• തൃശൂർ നഗരത്തിലേക്കു എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് , തൃപ്രയാർ ഭാഗത്തുനിന്നുമുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ അഭ്യർഥന.
വയനാട്ടില്‍ കാരാപ്പുഴ, ബാണാസുര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വീണ്ടും പ്രളയഭീതി. ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ എണ്ണം 20071 ആയി. ഗവ. എന്‍ജിനീയറിങ് കോളജിനു സമീപം മണ്ണിടിച്ചില്‍. വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയെത്തുടര്‍ന്ന് കല്‍പറ്റയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. കുറ്റ്യാടി ചുരം, പാല്‍ചുരം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു ഗതാഗത തടസ്സം. ബത്തേരി- മൈസൂരു റോഡില്‍ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഇതൊഴിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളിലെക്കാള്‍ വയനാട്ടില്‍ നിലവില്‍ കെടുതികള്‍ കുറവാണ്. മഴയുടെ ശക്തിയും ഇപ്പോള്‍ അല്‍പം കുറഞ്ഞിരിക്കുന്നു.
Leave a Reply