ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.
കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.
അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.
സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.
Leave a Reply