ന്യൂസ് ഡെസ്ക് മലയാളം യുകെ
ഋഷി സുനകിന്റെ റുവാണ്ട ബില്ലിനോട് വിമുഖത പ്രകടിപ്പിച്ച് രണ്ട് ടോറി പാർട്ടി അംഗങ്ങൾ രാജിവച്ചു. ഡപ്യൂട്ടി ചെയർമാരായ ലീ ആൻഡേഴ്സണും ബ്രണ്ടൻ ക്ലാർക്ക്-സ്മിത്തുമാണ് രാജിവച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനക് മന്ത്രിസഭാ നേരിടുന്ന ഏറ്റവും വലിയ കലാപമാണ് നിലവിൽ നടക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം 30 ടോറി പ്രവർത്തകർ വോട്ട് ചെയ്‌താൽ ബിൽ നിരസിക്കപെടും. ഇതൊക്കെ ആണ് സ്ഥിതിയെങ്കിലും ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ബിൽ മൊത്തത്തിൽ പാസാകുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയക്കാനും ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗവൺമെന്റിന്റെ പദ്ധതി തിരിച്ച് കൊണ്ടുവരാനാണ് നിയമനിർമ്മാണത്തിൽ ഇപ്പോൾ ശ്രമിക്കുന്നത്. ഇതുവരെ മുൻ മന്ത്രിമാരായ റോബർട്ട് ജെൻറിക്കും സുല്ല ബ്രാവർമാനും ഉൾപ്പെടെ നാല് കൺസർവേറ്റീവ് എംപിമാർ ബില്ല് മെച്ചപ്പെടുത്തിയില്ലെങ്കിൽ ബില്ലിനെതിരെ വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇനിയും കൂടുതൽ പാർട്ടി പ്രവർത്തകർ ഇവരോടൊപ്പം ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രണ്ട് ഡെപ്യൂട്ടി പാർട്ടി ചെയർമാന്മാരും, ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറി ജെയ്ൻ സ്റ്റീവൻസണും വിമത ഭേദഗതികൾക്ക് വോട്ട് ചെയ്തതിന് ശേഷം രാജി വാഗ്ദാനം ചെയ്തതായി അറിയിച്ചു. റുവാണ്ട ബില്ലിലെ വിമത ഭേദഗതികളെ തങ്ങൾ പിന്തുണക്കുന്നത് തങ്ങൾ നിയമനിർമ്മാണത്തിന് എതിരായതുകൊണ്ടല്ല, മറിച്ച് എല്ലാവരേയും പോലെ ഇത് പ്രാവർത്തികമായി കാണണം എന്ന ആഗ്രഹം കൊണ്ടാണെന്ന് ടോറി എംപിമാർ പ്രതികരിച്ചു.
Leave a Reply