ലണ്ടൻ : യുദ്ധമുഖത്ത് നിന്നുള്ള പലായനം വേദനാജനകമാണ്. എന്നാൽ അവിടെയും സഹായഹസ്തം നീട്ടുന്ന ദൈവതുല്യരായ മനുഷ്യരുണ്ട്. യുക്രൈനിൽ നിന്നും ഇതുവരെ എൺപതോളം പേരെ പോളണ്ട് അതിർത്തിയിൽ എത്തിച്ച ബ്രിട്ടീഷ് ക്യാബ് ഡ്രൈവർ ഇന്ന് ജനങ്ങളുടെ മനസ്സിൽ ഹീറോയാണ്. ഗർഭിണികളും ഭിന്നശേഷിക്കാരും വൃദ്ധരും കുട്ടികളും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 80 ഓളം പേരെ റൊമാൻ ടിംചിഷിൻ (31) ഇതിനകം പോളണ്ട് അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതലാണ് തന്റെ കറുത്ത ക്യാബിൽ അഭയാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ അദ്ദേഹം തയ്യാറായത്. ഇതുവരെ 2,169 മൈലുകൾ സഞ്ചരിച്ചു; അഭയാർത്ഥികളുമായി പ്രതിദിനം 300 മൈലുകൾ.

“എന്നെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന്” റൊമാൻ ദൃഢനിശ്ചയത്തോടെ പറയുന്നു. “എന്റെ തൊഴിലുടമ ഉദാരമനസ്കനാണ്. എനിക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. അതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഞാൻ യുക്രൈനിലെത്തി.” പിഎ വാർത്താ ഏജൻസിയോട് റൊമാൻ പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവിലാണ് റൊമാൻ ജനിച്ചത്. ഇപ്പോൾ ബ്രിട്ടനിലാണ് താമസം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പോർട്ടഡൗണിലെ വീട്ടിൽ നിന്ന് ഭാര്യ ഉലിയാന വോക്കിനൊപ്പം രണ്ടാഴ്ച മുൻപ് ജന്മനാട്ടിലേക്ക് മടങ്ങി.

ഒരേസമയം ആറു പേരെ വരെ താൻ കാറിൽ കൊണ്ടുപോകുമെന്ന് റൊമാൻ പറഞ്ഞു. അഭയാർത്ഥികളോടൊപ്പം അവരുടെ വളർത്തുമൃഗങ്ങളെയും അതിർത്തി പ്രദേശത്ത് എത്തിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. വടക്കൻ ലണ്ടനിൽ താമസിക്കുന്ന സഹോദരി മരിയയുടെ സഹായത്തോടെ, യുദ്ധത്തിൽ പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിക്കാവുന്ന 4×4 എസ്‌യുവി വാങ്ങുന്നതിനായി റൊമാൻ ധനസമാഹരണം നടത്തുന്നുണ്ട്. റഷ്യൻ അധിനിവേശം അന്യായമാണെന്നും ആവശ്യമെങ്കിൽ തോക്കെടുത്ത് മുൻനിരയിൽ നിന്ന് പോരാടാൻ താൻ തയ്യാറാണെന്നും റൊമാൻ വ്യക്തമാക്കി.