പ്രവാസവും മലയാളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. പൊതുവില്‍ പറയുകയാണെങ്കില്‍ മലയാളവും മലയാളിയും പ്രവാസികളായ് മാറിയിട്ട് ഇപ്പോള്‍ എത്രയോ കാലങ്ങളായിരിക്കുന്നു.! ഓണവും ക്രിസ്മസും റമദാനും ഈസ്റ്ററുമൊക്കെ ഒരു പക്ഷെ , കേരളത്തിലുള്ളതിനെക്കാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഒരു നഷ്ട സ്വപ്നത്തിന്റെയും ഗൃഹാതുരതയുടെയും കൊച്ചു നൊമ്പരങ്ങളോടെ, മലയാള മണ്ണിന്റെ നഷ്ടസുഗന്ധത്തിന്റെ ധന്യ സ്മൃതികളില്‍ പ്രവാസി മലയാളികള്‍ അവര്‍ പ്രവാസികളായ് ജീവിക്കുന്ന മണ്ണില്‍ നമ്മുടെ കേരളം പുന:പ്രതിഷ്ഠിക്കാന്‍ എപ്പോഴും ശ്രമിക്കുന്നു.

ഇവിടെ, യു കെ യിലെ ഏഷ്യന്‍ ഷോപ്പുകളില്‍ നമ്മുടെ ഭക്ഷണ സാധനങ്ങള്‍ കാണുമ്പോഴെല്ലാം മനസ്സു കൊണ്ടെങ്കിലും നാട്ടിലെ അങ്ങാടികളിലും കടകളിലും പോയ് വരുന്നവരാണു നാമെല്ലാം. ഇന്ന് ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങി വന്നിരിക്കുന്ന കാലമാണ്. കേരളത്തിലുള്ള ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വിദേശ രാജ്യത്തെ തൊഴില്‍ സാദ്ധ്യതകളെ കുറിച്ചും അവിടുത്തെ സംസ്‌കാരത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും മറ്റ് ജൈവ വൈവിധ്യങ്ങളെ കുറിച്ചും ഒക്കെ മനസ്സിലാക്കാന്‍ ഞൊടിയിടയില്‍ ഇന്ന് കഴിയുന്നുണ്ട്.

നാട്ടില്‍ നിന്നും ആദ്യമായ് ഒരു വിദേശ രാജ്യത്ത് വന്നിറങ്ങുന്ന ഒരു മലയാളി, മറ്റ് ബന്ധുക്കളോ ചങ്ങാതിമാരോ അവിടെ കൂട്ടായ് ഇല്ലെങ്കില്‍ ആദ്യം കണ്ട് പിടിക്കാന്‍ ശ്രമിക്കുന്നത് ആ ദേശത്തെ ഒരു മലയാളി അസോസിയേഷനെ കുറിച്ചായിരിക്കും. അവിടെയാണ് എന്നും ഒരു മലയാളി അസോസിയേഷന്റെ പ്രസക്തി.

യുകെയില്‍ താമസിക്കുന്ന നമ്മളാകട്ടെ, പലപ്പോഴും ജോലി സ്ഥിരതയുടെയും വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകളെ കുറിച്ചും തൊഴില്‍സ്ഥലത്തെ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ബ്രെക്‌സിറ്റിന്റെ അനന്തര ഫലങ്ങളെ കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ഒക്കെ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. ഇത്തരം വ്യാകുലതകള്‍ക്കിടയിലും ഒരു പക്ഷെ മത ജാതി ചിന്തകള്‍ക്കുപരിയായി ഒരു സാധാരണ യുകെ മലയാളിക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവരുടെ മാനസിക ഉല്ലാസത്തിനും ഉള്ള ഒരു പൊതുവിടം തുറന്നിടുന്നതില്‍ യുകെയിലെ ഓരോ മലയാളി അസോസിയേഷനുകളും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവുമായ് നമുക്ക് കൂടുതല്‍ ആശയ വിനിമയം നടത്താനും നമ്മുടെ ജീവിത രീതികളുടെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും, സഞ്ചാരത്തിന്റെയും, ഉത്സവ ആഘോഷങ്ങളുടെയും തനതു ഭക്ഷണത്തിന്റെയും ഒക്കെ തനിമ അവര്‍ക്കായ് പങ്കിടാനുമൊക്കെ ഒരു മലയാളി അസോസിയേഷന്റെ കുടക്കീഴില്‍ നമുക്ക് ഒട്ടൊക്കെ കഴിയുന്നുണ്ട്. വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് മലയാളത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാനും മലയാള സാഹിത്യത്തെ കുറിച്ചും കലകളെ കുറിച്ചും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനും നമ്മുടെ ഓരോ അസോസിയേഷനുകള്‍ക്കും കഴിയുന്നുണ്ട്. അത് വളരെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്.

അത്തരത്തില്‍ ചിന്തിക്കുമ്പോഴാണു, യുകെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു പതിറ്റാണ്ടിനു മുന്‍പുണ്ടായ യുകെയിലെ മലയാളി കുടിയേറ്റത്തോടൊപ്പം തന്നെയാണ് ലീഡ്‌സിലും ഒരു മലയാളി അസോസിയേഷന്‍ പിറവിയെടുക്കുന്നത്. ഇവിടുത്തെ ഇംഗ്ലീഷ് സമൂഹത്തോട് കൂടി ചേര്‍ന്നു കൊണ്ട്, ലീഡ്‌സിലെ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കാന്‍ ലീഡ്‌സ് മലയാളി അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്.

ഇനിയും ഒട്ടേറെ സംഭാവനകള്‍ ഇവിടുത്തെ സമൂഹത്തിനും മലയാളികള്‍ക്കും നല്‍കാന്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ (LEMA) പ്രതിജ്ഞാബദ്ധമാണ്. LEMA യുടെ 2018-19 ലെ പുതിയ നേതൃത്വത്തെ ഇവിടെ പരിചയപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡണ്ട്- ശ്രീ. അലക്സ് ജേക്കബ്
വൈസ് പ്രസിഡണ്ട്- ശ്രീമതി. റെജിമോള്‍ ജയന്‍
സെക്രട്ടറി – ശ്രീ. സാബു .കെ. മാത്യു
ട്രഷറര്‍ – ശ്രീ. വിജി കുര്യാക്കോസ്

എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍,

ശ്രീമതി. ബിന്‍സി ഷാജി
ശ്രീമതി. അഷിതാ ജൂബിന്‍
ശ്രീ. ആന്റണി കുന്നേല്‍ അഗസ്റ്റിന്‍
ശ്രീ. രാഹുല്‍ സ്റ്റീഫന്‍

യൂത്ത് ടീം

കോര്‍ഡിനേറ്റര്‍ – ശ്രീ. സ്റ്റീഫന്‍ ടോം
പി ആര്‍ ഒ ശ്രീ. സന്തോഷ് റോയ്

ഇതോടൊപ്പം തന്നെ 2018, ഏപ്രില്‍ 14 ശനിയാഴ്ച്ച, ലീഡ്സ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈസ്റ്റര്‍/വിഷു ആഘോഷങ്ങളിലേക്ക് യോര്‍ക്ക്‌ഷെയറിലും ലീഡ്‌സിലും താമസിക്കുന്ന എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായ് ഞങ്ങള്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.