ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം തങ്ങളാണെന്ന എം.വി.ജയരാജന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇടത് സൈബര്‍ പേജായ പോരാളി ഷാജി. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോല്‍വിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും ‘പോരാളി ഷാജി’ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായി. ‘സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളെ വിലയ്‌ക്കെടുക്കുന്നുണ്ട്. ചെങ്കോട്ട, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ വിലയ്ക്ക് വാങ്ങപ്പെടുന്നുണ്ട്. ആദ്യം ഇത്തരം ഗ്രൂപ്പുകളില്‍ ഇടതുപക്ഷ അനുകൂലമായ വാര്‍ത്തകള്‍ വരുമെങ്കിലും പിന്നീട് ഇടതുവിരുദ്ധ പോസ്റ്റുകള്‍ വരും. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം’ ജയരാജന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന തലക്കെട്ടില്‍ പോരാളി ഷാജി പേജില്‍ ജയരാജന് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും കുറിപ്പില്‍ പറയുന്നു.
Leave a Reply