ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലെസ്റ്ററിൽ കഴിഞ്ഞദിവസം നടന്ന ഹിന്ദു മുസ്ലിം സംഘട്ടനം ബിർമിങ്ഹാമിലേക്കും വ്യാപിച്ചിരിക്കുകയാണ്. ബിർമിങ്ഹാമിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് സമീപം ഏകദേശം മുഖംമൂടി ധരിച്ച 200 ഓളം പേരെ ഇന്നലെ രാത്രി കണ്ടെത്തിയതാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ച്, തലയിലൂടെ ഹൂഡിയും ധരിച്ച ധാരാളം ആളുകളാണ് ദുർഗ ഭവാൻ ഹിന്ദു ക്ഷേത്രത്തിനു സമീപം ഒരുമിച്ചു കൂടിയതെന്ന് സ്മെത്വിക് പോലീസ് പുറത്തിറക്കിയ വീഡിയോ ഫൂട്ടേജ് വ്യക്തമാക്കുന്നുണ്ട്. ഇവർ ക്ഷേത്രത്തിന് നേരെ കുപ്പികളും പടക്കങ്ങളും മറ്റും എറിഞ്ഞതായും ചില ദൃക്സാക്ഷികൾ വ്യക്തമാക്കി. ഇവർ മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുവാൻ പോലീസ് സന്നാഹം ശക്തമായി പ്രയത്നിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ലെസ്റ്ററിൽ ഹിന്ദു മുസ്ലിം സംഘട്ടനം നടക്കുകയും 47 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ക്ഷേത്രത്തിൽ വച്ച് നടക്കാനിരുന്ന പരിപാടിക്കെതിരെ പ്രതിഷേധിക്കാനാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആ പരിപാടി മുൻകൂട്ടി പ്രതിഷേധങ്ങൾ നടക്കുവാൻ സാധ്യതയുള്ളതിനാൽ റദ്ദാക്കിയിരുന്നു. ജനങ്ങൾ എല്ലാവരും തന്നെ സമാധാനം പാലിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.